നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് മൂന്നരയ്ക്ക്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി വലചലിപ്പിച്ചത്.
വടകര അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. സർവ്വകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അഴിയൂർ പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും മഹല്ല് കോ ഓഡിനേഷൻ കമ്മിറ്റിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാത അതോറിറ്റി കുഞ്ഞിപ്പളളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു.
തൈപ്പൊങ്കൽ പ്രമാണിച്ചു കേരളത്തിൽ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി ബാധകം.