കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു
എം എല്‍ എ കെയറിന്റെ ഭാഗമായി പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ മുട്ടില്‍ ഡബ്ല്യു എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്നു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത പത്തു വിദ്യാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനും എം എല്‍ എ കെയറും ചേര്‍ന്നാണ് ഈ സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്. പഠനോപകരണങ്ങള്‍ മാത്രമല്ല താമസം, ഭക്ഷണം എന്നിവയും തികച്ചും സൗജന്യമാണ്. ആര്‍ട്സ്, സയന്‍സ് വിഷയങ്ങള്‍ മാത്രമല്ല വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍, എന്‍ജിനിയറിങ്ങ്,ബി ബി എ, എം ബി എ,മള്‍ട്ടിമീഡിയ, ഏവിയേഷന്‍, മാരിടൈം കോഴ്സുകളും പഠിക്കാനുള്ള സൗകര്യമുണ്ട്. ആയിരം കുട്ടികളിലേക്ക് പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പി എച്ച് ഡി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗുണഭോക്താവ് ആകാവുന്നതാണ്. സെപ്റ്റംബര്‍ നാലിനാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്. വരും വര്‍ഷവും പദ്ധതിയിലൂടെ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നും ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് എന്ന നിലയ്ക്കാണ് ജില്ലക്കായി ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.
വയനാട്ടിന് കൈത്താങ്ങായി മറ്റ് പദ്ധതികള്‍ക്ക് പുറമെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയും നിംസ് മെഡിസിറ്റിയും എം എല്‍ എ കെയറും സംയുക്തമായി നിരവധി വിദ്യാഭ്യാസ പാക്കേജുകളാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഭാഗമായി 10ല്‍ അധികം വിദ്യാര്‍ഥികള്‍ സ്പോട്ട് അഡ്മിഷന്‍ ഇന്ന് നേടി കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കും. ഇനിയും അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. ഈ പാക്കേജിന്റെ ഭാഗമായി 1000 വിദ്യാര്‍ഥികള്‍ക്ക് നൂറുല്‍ ഇസ്ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള നിംസ് എസ്എസ്എം കോളേജ്, രാജാക്കാട്, ഇടുക്കി (കോട്ടയം,എംജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്), ചകഇഒഋ സര്‍വകലാശാല, കന്യാകുമാരി, (ഡീംഡ് സര്‍വ്വകലാശാല), നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സസ്, നെയ്യാറ്റിന്‍കര (കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്), നിംസ് കോളേജ് ഓഫ് നഴ്സിംഗ്, നെയ്യാറ്റിന്‍കര (കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്), നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കന്യാകുമാരി (മനോന്‍മണിയം സുന്ദര്‍നാര്‍ യൂണിവേഴ്‌സിറ്റി, തിരുനെല്‍വേലിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു), നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി, കന്യാകുമാരി (ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്) എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും എം എല്‍ എ വ്യക്തമാക്കി.