സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്കാണ് താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകികൊണ്ട് കോഴിക്കോട് വെച്ചും ബെംഗളൂരുവെച്ചും ശരീരികമായി രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. നിലവിൽ കേസ് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
തുടർന്നാണ് രഞ്ജിത്ത് മുൻകൂർ ജാമ്യം തേടി സമീപിച്ചത്. 50000 രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് മുൻകൂർ ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്. 2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരൻ. മുൻപ് അദ്ദേഹം മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. നേരത്തെ ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop