കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബെംഗാളി നടിയുടെ പരാതിയിലും കോഴിക്കോട്ടെ യുവാവിന്‍റെ പരാതിയിലും രഞ്ജിത്തിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടിലും രഞ്ജിത്തിന് ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങ്ങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop