തൃശ്ശൂർ: തൃശ്ശൂർ രൂപം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും പിവി അൻവറിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിൻ്റെ പേരിൽ തെറ്റായ കാര്യങ്ങൾ വലത് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇതുവരെ കേന്ദ്ര സഹായം നൽകാത്തതിൽ ഏതെങ്കിലും മാധ്യമം വിമർശിച്ചോ? നമ്മുടെ നാട് തെറ്റായ നടപടി കൊണ്ട് തകർന്നു പോകില്ല. അഴീക്കോടനെ അഴിമതിക്കോടനെന്ന് മാധ്യമങ്ങൾ വിളിച്ചിരുന്നുവെന്നും അതിക്രൂരമായാണ് കമ്യൂണിസ്റ്റ് നേതാവിനെതിരെ പ്രചരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന് മഹാസൗധമില്ലെന്ന് ജനത്തിന് മനസിലായി. കുഞ്ഞാലിയെ എംഎൽഎയായിരുന്നപ്പോഴാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലയാളി പാർട്ടിയോ കൊലയ്ക്ക് ഇരയാകുന്നവരുടെ പാർട്ടിയോ സിപിഎമ്മെന്ന് ഇതിൽ നിന്ന് മനസിലാവും.
© The News Journalist. All Rights Reserved, .
Design by The Design Shop