ചെന്നൈയിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ വിമർശനങ്ങൾക്കിടെ വിശദീകരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വ്യോമസേന ആവശ്യപ്പെട്ടതിലധികം ക്രമീകരണങ്ങൾ കൃത്യമായി നടത്തിയിരുന്നു, സർക്കാരിന് ഇക്കാര്യത്തിൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.
മറീനാ ബീച്ചിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയ അഞ്ച് പേരാണ് ഇന്നലെ മരിച്ചത്. കടുത്ത ചൂടിനെ തുടർന്നുണ്ടായ സുര്യാഘാതവും നിർജലീകരണവുമാണ് മരണകാരണം. പതിമൂന്ന് ലക്ഷത്തിലധികം പേർ എയർഷോ കാണാനെത്തി. റോഡിലും റെയിൽവേ സ്റ്റേഷനിലും മെട്രോയിലും നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 5 ലക്ഷം രൂപ നൽകും.
അതേസമയം, തമിഴക വെട്രി കഴകം പ്രസിഡന്റ്റും നടനുമായ വിജയ് സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ജനങ്ങൾ കൂടുന്നയിടത്ത് സർക്കാർ കൂടുതൽ സുരക്ഷയൊരുക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരാണ് 5 പേരുടെ മരണത്തിന് കാരണമെന്ന് എഐഎഡിഎംകെയും ബിജെപിയും ആരോപിച്ചു. ഡിഎംകെ മുന്നണിയുടെ ഭാഗമായ വിസികെയുടെ നേതാവ് തോൾ തിരുമാവളവനും സംഭവത്തിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop