കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ഇന്ന് കേസില്‍ വിശദവാദം നടന്നില്ല. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്ന് ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
അതേസമയം നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പി പി ദിവ്യ ഉന്നത നേതാവായതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികള്‍ പ്രതിയെ ഭയക്കുന്നുണ്ട്. ദിവ്യയ്ക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop