കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തില്ല. തൃശൂരിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിന് ശേഷം മാത്രമായിരിക്കും തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുക. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല.
കേസിലെ തുടർനടപടികൾ എപ്രകാരം വേണമെന്ന കാര്യത്തിലും അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം ഉണ്ടാകും.ഇതിനായി തൃശൂർ പൊലീസ് ക്ലബ് എസ്ഐടിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും.തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും യോഗത്തിൽ തയ്യാറാക്കും.ഇന്നലെ പൊലീസ് പ്രാഥമികമായി തിരൂർ സതീശിനോട് വിവരങ്ങൾ തേടിയിരുന്നു.
അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കേണ്ടതുണ്ട്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് അനുമതി തേടുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്നും അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop