വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയിൽ നിന്ന് വന്നാലും അത് ഡൽഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു.
വര്‍ഷങ്ങളായി വിജയ് എന്‍റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തിൽ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന് ഉദയനിധി കൂട്ടിച്ചേര്‍ത്തു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
ഒക്ടോബര്‍ 27ന് തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം – ബി ടീം ആരോപണങ്ങൾ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop