തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞുധരിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.
പിന്നീട് ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുന്നത്. ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.താൻ സുരക്ഷിതനാണെന്നും ഉടൻ തിരിച്ച് വരും എന്ന് ചാലിബ് ഭാര്യയോട് പറഞ്ഞു. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലും ഒടുവിൽ മംഗളൂരുവിലും ആണ് കാണിച്ചിരുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop