പത്തനംതിട്ട: സിപിഐഎം പത്തനംതിട്ടയുടെ ഔദ്യോഗിക ഫേസ്ബുക് പേജില് പാലക്കാട് ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ചു കൊണ്ടുള്ള വീഡിയോ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പേജില് പ്രത്യക്ഷപ്പെട്ടത്. നിലവില് വീഡിയോ പേജില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി. ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നില് രാഹുല് മാങ്കൂട്ടത്തിലും കൂട്ടരുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'സ്വന്തം വാര്ഡില് നിന്നാല് പോലും രാഹുല് ജയിക്കില്ല. സ്വന്തം നാട്ടിലെ ജനങ്ങളുമായി യാതൊരു ബന്ധവും രാഹുലിനില്ല. സാങ്കേതികമായി എഫ് ബി പേജില് നുഴഞ്ഞുകയറാന് കഴിയുന്ന ആളുകളെ വെച്ച് ചെയ്തതാണ്. രാഹുല് മാങ്കൂട്ടത്തിലിന്റെ അയല്പക്കക്കാര്ക്ക് പോലും അദ്ദേഹത്തെക്കുറിച്ച് യാതൊരു അറിവും ഇല്ല. സ്വന്തം നാട്ടില് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില് യാതൊരു അംഗീകാരവും രാഹുലിന് ഇല്ല. രാഹുല് മാങ്കൂട്ടത്തിലിനെ സിപിഐഎം പിന്തുണച്ചു എന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല', കെ പി ഉദയഭാനു പറഞ്ഞു.
കൃത്രിമ കാര്ഡുണ്ടാക്കിയാണ് രാഹുല് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയതെന്നും ജനങ്ങളുടെ ഇടയില് പ്രവര്ത്തിക്കുമ്പോഴാണ് ഒരാള് നേതാവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop