സൂപ്പർലീഗ് കേരള ഫുട്ബോൾ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ് സി ചാംപ്യന്മാർ. ഫൈനലിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തോയ് സിങ്ങ്, ബെൽഫോർട്ട് എന്നിവർ വലകുലുക്കി. ഡോറിയെൽട്ടനിലൂടെയാണ് കൊച്ചി ഒരു ഗോൾ മടക്കിയത്.
മത്സരത്തിന്റെ തുടക്കം ഫോഴ്സ കൊച്ചിയുടെ ആക്രമണങ്ങളോടെയായിരുന്നു. ആദ്യ മിനിറ്റുകളിൽ കൊച്ചി കാലിക്കറ്റ് ഗോൾമുഖത്ത് അപകടം വിതച്ചു. എന്നാൽ കാലിക്കറ്റ് മത്സരത്തിൽ താളം കണ്ടെത്തിയതോടെ കൊച്ചിയുടെ ഗോൾമോഹങ്ങൾക്ക് തിരിച്ചടിയായി. 15-ാം മിനിറ്റിൽ കാലിക്കറ്റിന്റെ ആദ്യ ഗോൾ പിറന്നു. മധ്യഭാഗത്ത് നിന്നും ലഭിച്ച പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയ ജോൺ കേന്നഡി പന്ത് തോയ് സിങ്ങിന് നീട്ടിനൽകി. അനായാസം താരം പന്ത് വലയിലാക്കി.
രണ്ടാം പകുതിയിൽ 71-ാം മിനിറ്റിലാണ് കാലിക്കറ്റ് വീണ്ടും മുന്നിലെത്തിയത്. ബെൽഫോർട്ടിന്റെ ഇടംകാൽ ഷോട്ട് വലചലിപ്പിച്ചു. പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഡോറിയെൽട്ടനിലൂടെ കൊച്ചി ഒരു ഗോൾ മടക്കി. എന്നാൽ സമനില ഗോൾ കണ്ടെത്താൻ കൊച്ചിക്ക് കഴിയാതിരുന്നതോടെ പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ 2-1ന്റെ വിജയത്തോടെ കാലിക്കറ്റ് ചാംപ്യന്മാരായി.
© The News Journalist. All Rights Reserved, .
Design by The Design Shop