കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. അവസാന ദിനം 15 ഫൈനലുകളാണ് നടക്കുക. അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മലപ്പുറത്തിന് 192 ഉം പാലക്കാടിന് 169ഉം പോയിന്റുണ്ട്. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 20 സ്വർണമാണ് ഇതുവരെ പാലക്കാട് സ്വന്തമാക്കിയത്.
ഗെയിംസിലെയും അക്വാട്ടിക്സിലെയും മികവിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 1926 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. 226 സ്വർണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 80 സ്വർണവും 65 വെള്ളിയും 96 വെങ്കലവുമായി 845 പോയിന്റോടെ തൃശ്ശൂർ രണ്ടാമതെത്തി. മൂന്നാമതെത്തിയ മലപ്പുറത്തിന് 61 സ്വർണവും 81 വെള്ളിയും 134 വെങ്കലവുമായി 769 പോയിന്റാണ് ലഭിച്ചത്.
വിജയിക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ 14, 17, 19 കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലയ്ക്കും അത്‌ലറ്റിക്‌സ്, അക്വാട്ടിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദ്യ മൂന്ന് സ്ഥാനക്കാരായ സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും ട്രോഫി നൽകും.
© The News Journalist. All Rights Reserved, .
Design by The Design Shop