മുനമ്പം വഖഫ് അധിനിവേശത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം.
ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങൾ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും ദിവസം മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. വേട്ടക്കാരുടെ കൂടെയാണോ അതോ ഇരകളുടെ കൂടെയാണോ എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് സർക്കാരാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോർഡിനൊപ്പമാണ്. എൻഡിഎ മാത്രമാണ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നത്.
കേരളത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വഖഫിന്റെ ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. വയനാട്ടിലെ മാനന്തവാടിയിൽ 5.6 ഏക്കർ സ്ഥലത്ത് അവർ അവകാശവാദം ഉന്നയിച്ചത് ഇതിന്റെ തെളിവാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ഇത്തരമൊരു അധിനിവേശം വന്നിട്ടും യുഡിഎഫോ എൽഡിഎഫോ നിലപാട് വ്യക്തമാക്കുന്നില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop