വയനാട്ടില്‍ ആവേശോജ്വലമായ കലാശക്കൊട്ടിനിടെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നുവെന്നാണ് സത്യന്‍ മൊകേരിയുടെ ആരോപണം. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യക്കിറ്റുകള്‍ ഇപ്പോള്‍ വിതരണം ചെയ്യാമെന്ന് കരുതിയത് തെരഞ്ഞെടുപ്പ് നേട്ടത്തിനായാണെന്നും അതിനാലാണ് കിറ്റില്‍ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ പതിപ്പിച്ചതെന്നും സത്യന്‍ മൊകേരി വിമര്‍ശിച്ചു.
ചുവന്ന തൊപ്പികളും ജീപ്പും വലിയ കൊടികളുമായി പ്രവര്‍ത്തകര്‍ അത്യാവേശത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെ വരവേറ്റത്. സിപിഐഎമ്മിന്റേയും സിപിഐയുടേയും പ്രവര്‍ത്തകരുടെ വലിയ നിരയാണ് മാനന്തവാടിയില്‍ കാണാനായത്. വയനാട്ടിലുടനീളം പ്രവര്‍ത്തിച്ച് ഗ്രൗണ്ടിലിറങ്ങി ജനങ്ങളെ കേള്‍ക്കുന്ന സത്യന്‍ മൊകേരിയെ ജനം വിജയിപ്പിക്കുമെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പദയാത്രയായി സത്യന്‍ മൊകേരി ജനസാഗരത്തിനിടയിലൂടെ നടന്നുനീങ്ങിയപ്പോള്‍ സിപിഐഎം, സിപിഐ പ്രമുഖ ജില്ലാ നേതാക്കളൊക്കെ ഒപ്പമുണ്ടായിരുന്നു. ചെണ്ടമേളത്തിനും ബാന്റ് മേളത്തിനുമൊപ്പം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ചുവടുവച്ച് രംഗം കളറാക്കി. ഇടതുപക്ഷത്തിനായി മണ്ഡലത്തില്‍ ഉടനീളം വലിയ ജനമുന്നേറ്റമുണ്ടായിട്ടുണ്ടെന്ന് സത്യന്‍ മൊകേരി പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop