പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സി ഐ വിനോദിൻ്റെ ഹർജിയിലാണ് നടപടി.
മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവർക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. മജിസ്ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.
© The News Journalist. All Rights Reserved, .
Design by The Design Shop