ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 55-ാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാല്‍വെര്‍ദെയുടെ തകര്‍പ്പന്‍ അടിയില്‍ ഉറുഗ്വെയാണ് ആദ്യം ലീഡ് എടുത്തത്. ബോക്സിന് പുറത്ത് നിന്നുതിര്‍ത്ത മിന്നലടി ബ്രസീല്‍ കീപ്പര്‍ ഏഡേഴ്‌സണെ കാഴ്ച്ചക്കാരനാക്കി വലയില്‍ കയറി. അധികം വൈകാതെ തന്നെയായിരുന്നു ബ്രസീലിന്റെ മറുപടി. 62-ാം മിനുറ്റില്‍ ഉറുഗ്വെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിലുണ്ടായ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ഡിസില്‍വ ബ്രസീലിനെ ഒപ്പമെത്തിച്ചു. അത്യൂഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു മറുപടി ഗോള്‍. ഗോള്‍ വീണതിന് ശേഷം ഒത്തിണക്കത്തോടെ മുന്നേറിയെങ്കിലും കാനറികള്‍ക്ക് വിജയഗോള്‍ മാത്രം നേടാനായില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോടും ബ്രസീലിന് ഇതേ സ്‌കോറില്‍ സമനില പാലിക്കേണ്ടി വന്നിരുന്നു. ലോക കപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ചിലി വെനസ്വേലയെ പരാജയപ്പെടുത്തി. അതേ സമയം ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്നത്തെ വിജയത്തോടെ 25 പോയിന്റുമായി അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 20 പോയിന്റുള്ള ഉറുഗ്വെയ് രണ്ടാമതും 18 പോയിന്റുള്ള ബ്രസീല്‍ അഞ്ചാമതുമാണ്. 19 പോയിന്റുമായി ഇക്വഡോര്‍ ആണ് അര്‍ജന്റീനക്ക് തൊട്ടുപിന്നിലുള്ളത്. 19 പോയിന്റ് ഉണ്ടെങ്കിലും കൊളംബിയ നാലാംസ്ഥാനത്തും ഉണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop