സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. 2 വര്ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സർക്കാർ ഉണ്ടെന്ന കണ്ടെത്തൽ അതീവഗൗരവകരമാണ്. ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലെന്നും അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുതെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആവശ്യപ്പെട്ടു.
© The News Journalist. All Rights Reserved, .
Design by The Design Shop