വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിന് എതിരെ കൂടുതൽ നടപടിയില്ല. കേസെടുക്കാൻ ആകില്ലെന്ന് പൊലീസ് റിപ്പോർട്ട്. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ആണ് റിപ്പോർട്ട് കൈമാറിയത്. വിദ്വേഷ പരാമർശങ്ങൾ ഗ്രൂപ്പിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കെ ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു.
വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിൽ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയിരുന്നു. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന കെ ഗോപാലകൃഷ്ണൻ തന്നെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിന്റെയും അഡ്മിൻ. ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയെന്നാണ് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. മതാടിസ്ഥാനത്തിലുള്ള വിവാദ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്ന് തന്നെയെന്നാണ് കണ്ടെത്തൽ. ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop