കണ്ണീർതോരാത്ത ഓർമകളുമായി കണ്ണൂർ പെരുമണ്ണ് ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 15 വയസ്സ്. 2008 ഡിസംബർ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സ്കൂൾ വിട്ട് സംസ്ഥാന പാതയ്ക്കരികിലൂടെ നടന്ന് പോകുകയായിരുന്ന പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ 10 വിദ്യാർഥികളാണ് വാഹനം ഇടിച്ചുകയറി മരിച്ചത്. 11 വിദ്യാർഥികൾക്ക് പരുക്കേറ്റു.
എ.സാന്ദ്ര, വി.പി.മിഥുന, എൻ.വൈഷ്ണവ്, കെ.നന്ദന, പി.റംഷാന, പി.വി.അനുശ്രീ, പി.വി.അഖിന, പി.സോന, പി.കെ.കാവ്യ, കെ.സഞ്ജന എന്നിവരാണ് മരിച്ചത്. എല്ലാവരും ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികൾ. അതിൽ അനുശ്രീയും അഖിനയും സഹോദരങ്ങളാണ്.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും സ്മൃതിമണ്ഡപം പണിയാൻ സൗകര്യം ഒരുക്കുകയും ചെയ്ത സി.വി.കൃഷ്ണ വാരിയരുടെ വിയോഗവും ഓർമപുതുക്കൽ വേളയിൽ നൊമ്പരമാണ്. 2018ൽ വാഹന ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുൽ കബീറിനെ തലശ്ശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുണ്ടായി.
നടുക്കുന്ന ഓർമ്മകളും ഇടനെഞ്ചുരുകുന്ന തീരാ ദു:ഖവും പേറി കണ്ണീർ നനവിന്റെ ഓർമ്മയിൽ വീണ്ടും ഒരു ഡിസംബർ 4 കൂടി കടന്നു പോകുമ്പോൾ എത്രയുഗങ്ങൾ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം മനുഷ്യ മനസ്സിൽ എന്നും മായാതെ നിൽക്കും. ഇരിക്കൂർ പെരുമണ്ണിലുള്ള കുഞ്ഞുങ്ങളുടെ സ്മൃതി മണ്ഡപത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. "നിശബ്ദരായിരിക്കുക, കുഞ്ഞുങ്ങൾ ഉറങ്ങുകയാണ്" അതെ അവർ ശാന്തമായി ഉറങ്ങട്ടെ.!
© The News Journalist. All Rights Reserved, .
Design by The Design Shop