തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധത്തില്‍ പ്രതി ഗ്രീഷ്മക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍. കാപ്പിക് എന്ന കളനാശിനി കഷായത്തില്‍ ചേര്‍ത്ത് ഷാരോണിനെ കുടിപ്പിച്ചതിന് മുന്ന് മണിക്കൂര്‍ മുന്‍പ് വിഷത്തിന്റെ പ്രവര്‍ത്തന രീതി ഒന്നാം പ്രതി വിക്കിപീഡിയയിലൂടെ പഠിച്ചതിന് ശാസ്ത്രീയ തെളിവ് നിരത്തി പ്രോസിക്യൂഷന്‍. നെയ്യാറ്റിന്‍കര സെഷന്‍സ് ജഡ്ജ് എ. എം ബഷീറിന് മുന്നില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. എസ്. ദീപയാണ് തുറന്ന കോടതിയില്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് തെളിവ് നല്‍കിയത്.
ജ്യൂസ് ചലഞ്ചിലൂടെ അമിത അളവില്‍ പാരസെറ്റമോള്‍ കൊടുത്തതിന്റെ അന്നും ഇത്തരത്തില്‍ പ്രവര്‍ത്തന രീതി ഗ്രീഷ്മ മനസ്സിലാക്കിയിരുന്നു. സംഭവ ദിവസം ഗ്രീഷ്മയുടെ വീട്ടിലേക്ക് സുഹൃത്ത് റെജിനുമായി ഷാരോണ്‍രാജ് ബൈക്കില്‍ പോയതും വന്നതുമായ ദൃശ്യങ്ങളും, ഗ്രീഷ്മയുള്‍പ്പടെ ഉള്ളവരുടെ രൂപവും ഒന്നാണെന്നുള്ള തെളിവും സാക്ഷി പറഞ്ഞു.
2022 ഒക്ടോബർ 14ന് ഷാരോണ്‍ രാജിനെ ക്ഷണിക്കുന്നതും, സംഭവ ശേഷം സോറി പറയുന്നതും, മെഡിക്കല്‍ഷോപ്പില്‍ നിന്നും ഗുളിക വാങ്ങി കഴിച്ച് ഛര്‍ദില്‍ മാറ്റാന്‍ പറയുന്നതും, കഷായത്തിന് ശേഷം കൊടുത്ത ജ്യൂസിന്റെ കുഴപ്പമാണെന്ന് വോയ്‌സ് മെസ്സേജിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതുമായ തെളിവുകള്‍ പ്ലേ ചെയ്തു രേഖപ്പെടുത്തി.
തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിക്കുന്നതിലേക്ക് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് സെര്‍ച്ച് നടത്തിയതും തെളിഞ്ഞു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാറിന്റെ മുഖ്യ വിസ്താരത്തിലാണ് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായരും കൂട്ട് പ്രതികളാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop