സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന് വിജയക്കുതിപ്പ്. വാശിയേറിയ മത്സരത്തില്‍ നിലവിലെ റണ്ണര്‍ അപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലീഡ് എടുത്ത് ഗോവ തങ്ങളുടെ ശക്തി കാണിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് കേരളം ഗോവയെ നിലക്ക് നിര്‍ത്തിയത്. പതിനഞ്ചാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെയാണ് കേരളം ഒപ്പമെത്തിയത്. പിന്നാലെ 27-ാം മിനിറ്റില്‍ മുഹമ്മദ് അജ്സലും 33-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും കേരളത്തിനായി വലകുലുക്കി. ഇതോടെ ഇടവേളക്ക് പിരിയുമ്പോള്‍ 3-1 എന്നതായിരുന്നു സ്‌കോര്‍. രണ്ട് ഗോളിന് കേരളം മുന്നില്‍ നില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയിലും മിന്നുന്ന ഫോമില്‍ ഗോവയെ നേരിട്ട കേരളം 69-ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസിലൂടെ വീണ്ടും ഗോവക്ക് പ്രഹരം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗോവ ഗോളുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരുന്നു. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ തോല്‍വിഭാരം കുറച്ചു.
അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ഗോവയുടെ പരിശ്രമങ്ങളെല്ലാം കേരള പ്രതിരോധം നിഷ്പ്രഭമാക്കി. യോഗ്യതാ റൗണ്ടിലെ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് കേരളം ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ ഗോവയോട് കേരളം പരാജയപ്പെട്ടിരുന്നു. റണ്ണേഴ്‌സപ്പ് എന്ന നിലയില്‍ ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്. എന്നാല്‍ ഇത്തവണ കേരളത്തിന് മുമ്പില്‍ കാര്യങ്ങള്‍ പിഴക്കുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മൂന്ന് കളികളില്‍ 18 ഗോളുകള്‍ എതിര്‍വലയിലെത്തിച്ച കേരളം ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop