ഐ എസ് എല്ലിലെ കടുത്ത പോരില്‍ അവസാന നിമിഷം നിര്‍ഭാഗ്യകരമായി വഴങ്ങിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് തോറ്റു (2-3). ബ്ലാസ്റ്റേഴ്‌സിനായി ഹെസ്യൂസ് ഹിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ ഗോളടിച്ചു. ബഗാനായി ജാമി മക്ലാരന്‍, ജാസണ്‍ കമ്മിങ്‌സ്, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവരും ഗോള്‍ നേടി. 12 കളിയില്‍ 11 പോയിന്റ്‌റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നു. ബഗാന്‍ ഗോള്‍ മുഖത്തു നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ബഗാന്‍ പ്രതിരോധം തടഞ്ഞു. മറുവശത്തു ബഗാന്റെ അക്രമണങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സമര്‍ത്ഥമായി ചെറുത്തു. ഇതിനിടെ സുഭാഷിന്റെ ഷോട്ട് സച്ചിന്‍ കൈപിടിയിലൊതുക്കി. ആദ്യ 15 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കളി നിയന്ത്രിച്ചു. ഇരുപത്തിയാറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പെനാല്‍റ്റി ആവശ്യം റഫറി തള്ളി. കളി ഗതിക്ക് എതിരായി ബഗാന്‍ ലീഡ് നേടി. 32ാം മിനിറ്റില്‍ മക്ലാരന്‍ ലക്ഷ്യം കണ്ടു. ആശിഷിന്റെ ഷോട്ട് സച്ചിന്‍ തടഞ്ഞെങ്കിലും മാക്ലാരന്റെ കാലിലാണ് കിട്ടിയത്. ഇതിനിടെ നോഹയുടെ മുന്നേറ്റം വിശാല്‍ തടഞ്ഞു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ ഹിമിനിസിന് മികച്ച അവസരം കിട്ടി. ലക്ഷ്യം വച്ച് അടി തൊടുത്തെങ്കിലും പോസ്റ്റിന് അരികിലൂടെ, നേരിയ വ്യത്യാസത്തില്‍ പുറത്തു പോയി. ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സ് നിരാശയോടെ അവസാനിപ്പിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മിന്നി. ഹിമിനെസിന്റ തകര്‍പ്പന്‍ ഗോളില്‍ സമനില. ബഗാന്‍ പ്രതിരോധത്തിന്റെ പിഴവ് കൃത്യമായി മുതലെടുത്തു. വിശാലിന്റെ പാസ് അലസമായി കൈകാര്യം സുഭാഷിന്റെ നീക്കം പിഴച്ചു. പന്ത് ഹിമിനെസ് റാഞ്ചിയെടുത്തു. ബോക്‌സിനു പുറത്തുനിന്നുള്ള മിന്നുന്ന ഷോട്ട് വിശാലിന്റെ മുന്നില്‍ കുത്തി വലയില്‍ കയറി. സീസണില്‍ സ്പാനിഷുകാരന്റെ ഒമ്പതാം ഗോള്‍. പിന്നാലെ നോഹയുടെ ഷോട്ട് വിശാല്‍ കുത്തിയകറ്റി. മറുവശത്തു ലിസ്റ്റന്റെ ഗോള്‍ ശ്രമം സച്ചിന്‍ തടഞ്ഞു. 63ാം മിനിറ്റില്‍ നോഹയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 77ാം മിനിറ്റില്‍ മറ്റൊരു തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ എത്തിയപ്പോള്‍ കൊല്‍ക്കത്ത സ്റ്റേഡിയം നിശബ്ദമായി. ലൂണ ഇടത് ഭാഗത്തു നിന്ന് തൊടുത്ത ഫ്രീകിക്ക് വിശാലിന്റെ കയ്യില്‍ നിന്ന് വഴുതി. തക്കം പാര്‍ത്തു നിന്ന ഡ്രിന്‍സിച് നെഞ്ച് കൊണ്ടു നിയന്ത്രിച്ച് കാല് കൊണ്ട് തകര്‍പ്പന്‍ അടിയിലൂടെ വല തുളച്ചു.
81ാം മിനിറ്റില്‍ സഹീഫിന് പകരം ഹോര്‍മിപാം ഇറങ്ങി. നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കേ ബഗാന്‍ സമനില പിടിച്ചു. പേട്രട്ടോസിന്റെ നീക്കത്തില്‍ കമ്മിങ്‌സ് ലക്ഷ്യം കണ്ടു. ഇതിനിടെ ഹിമിനെസിന് പകരം ക്വാമി പെപ്ര എത്തി. ഇഞ്ചുറി ടൈമിൽ നോഹയുടെ ഷോട്ട് വിശാല്‍ പിടിച്ചെടുത്തു. അവസാന നിമിഷം നിര്‍ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തി. പ്രതിരോധം ശക്തമായി പൊരുതിയിട്ടും ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോള്‍ വഴങ്ങി. സന്ദീപ് അടിച്ചൊഴിവാക്കിയ പന്ത് ബോക്‌സിനു പുറത്ത് നിന്ന് ആല്‍ബര്‍ട്ടോ ശക്തമായി തൊടുത്തപ്പോള്‍ ഡ്രിന്‍സിച്ചിന്റെ ദേഹത്തു തട്ടി വലയില്‍ പതിക്കുകയായിരുന്നു. 22ന് മൊഹമ്മദന്‍സ് എസ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.
© The News Journalist. All Rights Reserved, .
Design by The Design Shop