തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി നല്‍കി. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. സുതാര്യമായ സ്പോൺസർ ഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരുകയാണ്. വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ടൗൺ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ട്. കർണാടക സർക്കാരിൻ്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിൻ്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 100 വീടുകൾ നിർമ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്, ഒരു സമഗ്രവും സുതാര്യവുമായ സ്പോൺസർഷിപ്പ് ഫ്രെയിംവർക്ക് രൂപീകരിക്കുന്നതിലേക്ക് നിലവിൽ കേരള സര്‍ക്കാര്‍ പ്രവർത്തിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ സൂചിപ്പിച്ചു. ഈ സമഗ്രമായ പുനരധിവാസ പദ്ധതിയിൽ കർണാടക സർക്കാരിൻ്റേതുൾപ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിൻ്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിർത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗൺഷിപ്പുകൾ സ്ഥാപിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
No related news found.
© The News Journalist. All Rights Reserved, .
Design by The Design Shop