വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. സംഭവത്തിൽ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബൽ പ്രമോട്ടറെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലൻസ് വേണ്ടിയിരുന്നത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോവുകയായിരുന്നു. എന്നാൽ രണ്ട് ആംബുലൻസാണ് ട്രൈബൽ ഓഫീസിൽ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, പുറത്ത് നിന്ന് ആംബുലൻസ് വിളിക്കാമായിരുന്നുവെന്നും എന്നാൽ ട്രൈബൽ പ്രൊമോട്ടർ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പ്രൊമോട്ടർക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് ട്രൈബൽ പ്രമോട്ടറെ കരുവാക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop