കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് വിട നൽകി നാട്. ചേലോട് കുറുമറ്റം സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ മാർത്തോമ്മാ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കാട്ടാനയാക്രമണത്തിൽ വൻപ്രതിഷേധത്തിനാണ് കോതമംഗലം സാക്ഷ്യം വഹിച്ചത്.
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് എൽദോസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ക്ണാച്ചേരിയിലെ വീട്ടിലെ മൃതദേഹം പൊതുദർശനത്തിന് വച്ചു. കാട്ടാന ശല്യം തടയാൻ പ്രദേശത്ത് ഒരു സംവിധാനവും ഇല്ലെന്ന് എൽദോസിന്റെ കുടുംബവും നാട്ടുകാരും ആരോപിച്ചു.
പ്രതിഷേധവും സംഘർഷവും കണക്കിലെടുത്ത് ഉരുളൻതണ്ണിയിലും പരിസരത്തും പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. ഉച്ചയ്ക്ക് ശേഷം കോതമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന എൽദോസ് വർഗീസ് ജോലി കഴിഞ്ഞെത്തി വീട്ടിലേക്ക് നടന്നുപോകും വഴിയാണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണമുണ്ടായത്. എൽദോസ് ദാരുണമായി കൊല്ലപ്പെട്ട സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെതുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop