അംബേദ്കറിനെ അപമാനിച്ചു എന്ന ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസംഗത്തെ കോൺഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു.
രണ്ടു തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സർക്കാർ അംബേദ്കർ നു വേണ്ടി 5 സ്മാരകങ്ങൾ നിർമ്മിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്കറിനോടുള്ള ബഹുമാനസൂചകമായി ഭരണഘടന ദിനം ആചരിക്കാൻ ആരംഭിച്ചത് മോദിയാണെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണ്. നേരത്തെയും മോദിയുടെയും തന്റെയും എഡിറ്റ് ചെയ്ത വീഡിയോ കോൺഗ്രസ് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംവരണത്തെ എതിർത്തു. ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൾഡ് ഫ്രീസറിൽ വച്ചു. സത്യം ജനങ്ങളിലേക്ക് എത്തണമെന്ന് അമിത് ഷാ പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop