കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥി നേദ്യ രാജേഷിന് കണ്ണീരോടെ വിട നൽകി നാട്. നാട്ടുകാരും, സഹപാഠികളും, രക്ഷിതാക്കളുമടക്കം നൂറുകണക്കിന് പേരാണ് നേദ്യയെ അവസാനമായി കാണാൻ എത്തിയത്. സ്കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനുജത്തിക്ക് ഒരു കഷ്ണം കേക്കുമായാണ് നേദ്യ ഇന്നലെ വീട്ടിലേക്ക് പോയത്. കളിച്ച് രസിച്ച അതേ സ്കൂൾ ഹാളിലേക്ക് ചേതനയറ്റ ശരീരമായി മടങ്ങിവരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറുമാത്തൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു.
അതേസമയം, അശ്രദ്ധമായി ഡ്രൈവർ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവർ നിസാമുദ്ധീന്റെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി. ബസിന് യാതൊരു സാങ്കേതിക തകരാറുമില്ല എന്നാണ് പരിശോധനയിലെ കണ്ടെത്തൽ. അപകടം ഉണ്ടായ അതേസമയത്ത് നിസാമുദ്ധീൻ വാട്സ് ആപ്പിൾ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നതിൽ വ്യക്തതക്കായി മോട്ടോർ വാഹന വകുപ്പ് സൈബർ സെല്ലിനോട് വിവരം തേടിയിട്ടുണ്ട്. നിസാമുദ്ധീനെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന. ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop