ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മഞ്ഞപ്പടയ്ക്കായി നോഹ സദോയി വലകുലുക്കി. 58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചും 74-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗും ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിഞ്ഞു.
ആദ്യ പകുതിയുടെ 42-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. ഗോൾപോസ്റ്റിനുള്ളിൽ നോഹ സദോയിയെ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത സദോയി പിഴവ് കൂടാതെ വലകുലുക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്യാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് മിലോസിനെയും ഡോഹ്ലിംഗിനെയും നഷ്ടമായി. ഈ അവസരം മുതലാക്കി പലതവണ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേയ്ക്ക് പഞ്ചാബ് താരങ്ങൾ ഇരച്ചെത്തി. എങ്കിലും ഗോൾവല ചലിക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രദ്ധിച്ചു. ഒടുവിൽ ലോങ് വിസിൽ മുഴങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop