ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത് . മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒഡീഷ ആദ്യ ഗോൾ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വല ചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ജെസൂസ് ഹിമെനെസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.
80-ാം മിനിറ്റിൽ ഡോറിയുടെ ഗോളിൽ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാൽ 83-ാം മിനിറ്റിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ നോഹ സദുയിയുടെ ഗോൾ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. 16 മത്സരങ്ങളിൽ നിന്ന് ആറ് ജയമുള്ള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 20 പോയിന്റുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
© The News Journalist. All Rights Reserved, .
Design by The Design Shop