പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതി നല്ല ആശയമാണെന്നും എന്നാൽ അത് പരാജയപ്പെട്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൈനീസ് കടന്നു കയറ്റത്തിന് കാരണം മേക് ഇൻ ഇന്ത്യയുടെ പരാജയമാണ്. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി കടന്നു കയറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പ്രധാനമന്ത്രിയെ സേന തള്ളി എന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും മുൻപ് പറഞ്ഞവയാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ല. യുപിഎ സര്‍ക്കാരിനോ എന്‍ഡിഎ സര്‍ക്കാരിനോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദനമേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഒരു കാലത്ത് കമ്പ്യൂട്ടറിനെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ 10 വര്‍ഷം മുന്നിലാണ്. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്‍റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മൾ ഒരു നിർമ്മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലാണെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop