സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടം നേടി.
എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രത്യേക ക്ഷണിതാക്കളായ 2 പേരടക്കം 11 പുതിയ അംഗങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
പയ്യന്നൂർ വിഭാഗീയതയിൽ നടപടി നേരിട്ട വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടിക്ക് പരാതി നൽകിയത് വി കുഞ്ഞികൃഷ്ണൻ ആയിരുന്നു. എന്നാൽ ജെയിംസ് മാത്യുവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മുൻ തളിപ്പറമ്പ് എംഎൽഎയാണ് ജെയിംസ് മാത്യു. കഴിഞ്ഞ സമ്മേളനത്തിൽ ജെയിംസ് മാത്യു സ്വയം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop