ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട്. ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ സംസ്ഥാന ഓഡിറ്റ് വിഭാഗം സത്യവാങ്മൂലം നല്‍കി. സാമ്പത്തിക അപാകതകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണം – വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ 27 ലക്ഷം രൂപയുടെ കുറവെന്നാണ് കണ്ടെത്തല്‍. 2019 -മുതല്‍ 2022 വരെയുള്ള 3 വര്‍ഷത്തെ ലോക്കറ്റ് വില്‍പ്പനയിലാണ് തിരിമറി കണ്ടെത്തിയിരിക്കുന്നത്.
2024 മെയ് മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. ലോക്കറ്റ് വില്‍പ്പനയിലെ തുക നിക്ഷേപിച്ചിരുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലായാണ്. ബാങ്ക് ജീവനക്കാരന്‍ നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പും അക്കൗണ്ടില്‍ എത്തിയ തുകയും തമ്മില്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഹാജരാക്കുന്നതിലും ദേവസ്വം ഉത്തരവാദിത്വം കാട്ടിയില്ല. സി.സി.ടി.വി സ്ഥാപിക്കാനായി കരാര്‍ നല്‍കിയിരുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ്. ബാങ്കിന്റെ കളക്ഷന്‍ ജീവനക്കാരന്‍ തുക കൃത്യമായി അടയ്ക്കുന്നുണ്ടോയെന്ന് പരിശോധിച്ചില്ല. ക്ഷേത്രം അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സത്യവാങ്മൂലത്തിലെ പരാമര്‍ശം.
സി.സി.ടി വി സ്ഥാപിച്ച വകയില്‍ കരാറുകാരന് ബില്ല് തുക നല്‍കിയതിലും നഷ്ടം സംഭവിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം നടത്തിയ സി.സി.ടി.വി സ്ഥാപിക്കലില്‍ ദേവസ്വം ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചു. പ്രസാദ് ഫണ്ടില്‍ തുക നീക്കിയിരുപ്പുണ്ടായിരുന്ന സമയത്തായിരുന്നു ഈ നടപടി. 89 ലക്ഷം രൂപയാണ് ദേവസ്വം അക്കൗണ്ടിലേക്ക് മാറ്റാതിരുന്നത്. ഇതു വഴി പലിശ നഷ്ടമുണ്ടായി. നഷ്ടം വരുത്തിയ തുക ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop