വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വാരാണസിയില്‍ സാക്ഷാൽ മോഡിയെ വിറപ്പിച്ച കോൺഗ്രസിന്റെ ഹീറോയാണ് അജയ് റായ്.ആദ്യ റൗണ്ടില്‍ 11480 വോട്ട് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് മുന്നില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 5257 വോട്ട് മാത്രമാണ് ലഭിച്ചത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടില്‍ പിന്നിലായത്. വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോൾ മോഡി മുന്നിലേക്ക് വന്നെങ്കിലും ആദ്യഘട്ടത്തില്‍ ബിജെപിയെ ആശങ്കയിലാക്കുന്നതായിരുന്നു അജയ് റായ്‌യുടെ മിന്നുന്ന പ്രകടനം.
ഫലത്തിന്റെ അവസാനം 612,970 വോട്ടുകൾ മോഡി നേടിയെങ്കിലും ,152,513 വോട്ടുകൾ മാത്രമാണ് മോഡിക്ക് ലഭിച്ച ഭൂരിപക്ഷം.2019ലെ തിരഞ്ഞെടുപ്പിൽ 674,664 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നരേന്ദ്ര മോഡി വാരാണസിയിൽ ജയിച്ചിരുന്നത്.
മുൻപ് അരവിന്ദ് കെജ്‍രിവാൾ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ അജയ് റായിക്ക് 75,614 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. 2019ല്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിലും മൂന്നാം സ്ഥാനമാണ് അജയ് റായിക്ക് ലഭിച്ചത്.152,548 വോട്ട് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇത്തവണ നാല് ലക്ഷത്തിന് അടുത്തേക്ക് അജയ് റായിക്ക് വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.
നിലവില്‍ ഒന്നര ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷം മാത്രമാണ് നരേന്ദ്ര മോഡിക്കുള്ളത്.പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്.കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു.
വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മൂന്നാം തവണയാണ് ഉത്തര്‍പ്രദേശിലെ നിലവിലെ പിസിസി അദ്ധ്യക്ഷന്‍ അജയ് റായ് നേരിടുന്നത്.കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 'ബാഹുബലി'യെന്നാണ് അജയ് റായിയുടെ വിളിപ്പേര്. 2014ലും 2019ലും വാരാണസിയില്‍ കോണ്‍ഗ്രസിന് വേണ്ടി നരേന്ദ്ര മോദിയെ നേരിടാന്‍ രംഗത്തിറങ്ങിയത് അജയ് റായ് ആയിരുന്നു.ഇത്തവണ നാല് ലക്ഷത്തിന് അടുത്തേക്ക് അജയ് റായിക്ക് വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്.
താഴെത്തട്ട് മുതല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റില്‍ അജയ് റായ്‍യെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. ദലിത് നേതാവായ ബ്രിജ്ലാല്‍ ഖാബ്രിക്ക് പകരമാണ് അജയ് നിയോഗിതനായത്. പ്രിയങ്ക ഗാന്ധിയുടെ ടീം ഉത്തര്‍പ്രദേശിലെ ഏറ്റവും മികച്ച നേതാവ് എന്ന പരിവേഷവും അജയ് റായ്ക്കുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉത്തര്‍പ്രദേശില്‍ ലഭിച്ച ഗംഭീരവരവേല്‍പ്പിന്റെ സൂത്രധാരനും അജയ് റായ് ആയിരുന്നു. വലിയ ആള്‍ക്കൂട്ടം ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അണിനിരന്നിരുന്നു.
ബിജെപിയുടെ തട്ടകത്തില്‍ നിന്നും രാഷ്ട്രീയ കരുനീക്കങ്ങള്‍ പഠിച്ച അജയ് റായ് യോഗി ആദിത്യനാഥിന്റെയും മോദിയുടെയും ഹിന്ദുത്വ ആശയങ്ങളോട് പിടിച്ച് നില്‍ക്കാനുള്ള സമവാക്യങ്ങള്‍ പിന്തുടരുന്ന നേതാവാണ്.തനിക്കു മൃദു ഹിന്ദുത്വം എന്ന വിമര്‍ശനമുണ്ടെങ്കിലും രാമക്ഷേത്ര വിഷയത്തില്‍ അടക്കം പൊതുബോധങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസിന് നിലമൊരുക്കുകയാണ് അജയ് റായ് തന്ത്രം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഈ തന്ത്രത്തേട് വിയോജിക്കാതെ ചേര്‍ന്നു നില്‍ക്കുന്നു എന്നതും പ്രധാനമാണ്.
ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ അംഗമായാണ് 'പൂര്‍വാഞ്ചല്‍ ശക്തന്‍' എന്നറിയപ്പെടുന്ന അജയ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന കൊളസ്ലയില്‍ നിന്നായിരുന്നു അജയ് റായ് ആദ്യമായി ബിജെപി ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1996 ലെ ആദ്യവിജയത്തിന് ശേഷം 2002, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അജയ് റായ് ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അജയ് റായ് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും ബിജെപിയുടെ മുരളി മനോഹര്‍ ജോഷിയോട് പരാജയപ്പെട്ടു. 2012 ലാണ് അജയ് റായ് കോണ്‍ഗ്രസില്‍ ചേരുന്നത്. ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്ദ്ര മണ്ഡലത്തില്‍ നിന്നും അജയ് റായ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. 2017ലെയും 2022ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അജയ് റായ്ക്ക് പക്ഷെ പിന്ദ്രയില്‍ നിന്ന് വിജയിക്കാനായില്ല.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിൽ സ്വാധീനമുള്ള ഭൂമിഹാര്‍ സമുദായത്തില്‍ നിന്നുള്ളയാളാണ് അജയ് റായ്. നേരത്തെ പൂര്‍വാഞ്ചല്‍ മേഖല കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിയാണ് ഇവിടെ ആധിപത്യം പുലര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രനിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ പൂര്‍വാഞ്ചല്‍ മേഖലയിലാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop