കോഴിക്കോട് : കെ കെ ലതിക മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. അല്ലാത്തപക്ഷം സിപിഐഎം അവരെ തള്ളിപ്പറയാൻ തയാറാകണം. പോസ്റ്റ് പിൻവലിച്ചതോടെ കെ കെ ലതികയുടെ പങ്ക് വ്യക്തമായി. കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനേയും അറസ്റ്റ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം നിരപരാധിയാണെന്ന് പറയാൻ കോടതി ഇടപെടൽ വേണ്ടി വന്നു. പൊലീസ് സിപിഐഎമ്മിൻ്റെ പോഷക സംഘടനയായി പ്രവർത്തിക്കുകയാണ്. അന്വേഷണത്തിൽ പോലീസ് കൃത്യമായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് കെ കെ ലതിക പിന്‍വലിച്ച് ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തു വന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്.
© The News Journalist. All Rights Reserved, .
Design by The Design Shop