കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ യുഎസിൽ കിക്കോഫ്. യുഎസിലെ 10 നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അറ്റ്‌ലാൻ്റയിലെ മെഴ്‌സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നാളെ പുലർച്ചെ 5.30നാണ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയും കാനഡയും ആദ്യ മത്സരത്തിൽ
ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ദിവസവും 2 മത്സരങ്ങൾ വീതമുണ്ട്. മയാമി ഗാർഡൻസിലെ ഹാർഡ് റോക്കിൽ ജൂലൈ 15നാണ് ഫൈനൽ. നാലു ടീമുകൾ അടങ്ങുന്ന 4 ഗ്രൂപ്പുകളുടെ മത്സരമാണു ഗ്രൂപ്പ് ഘട്ടത്തിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ 2 സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലെത്തും. അർജൻ്റീനയും യുറഗ്വയും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീൽ 9 തവണയും. ചിലെ, പരാഗ്വയ്, പെറു ടീമുകൾ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവർ ഓരോ തവണയും കിരീടം നേടി.
ഉദ്ഘാടനച്ചടങ്ങിൽ ലാറ്റിൻ ഗായകൻ ഫീഡിൻ്റെ സംഗീതവിരുന്നുണ്ടാകും. അർജൻ്റീന– കാനഡ മത്സരത്തിനു മുൻപാണ് ഉദ്ഘാടനച്ചടങ്ങ്. കൊളംബിയൻ സംഗീതജ്ഞനും നിർമാതാവുമാണ് ഫീഡ്. അദ്ദേഹത്തിൻ്റെ പുതിയ സംഗീത ഹിറ്റുകൾ ഉൾക്കൊള്ളുന്നതാണ് ഷോ. ആരാധകർക്കിടയിൽ ഫീഡിൻ്റെ സംസാര രീതിയും പാട്ടുകളും വസ്ത്രധാരണം പോലും ആവേശമാണ്. ഐഡിഎം, ഹിപ്–ഹോപ്, റിഥം ആൻഡ് ബ്ലൂസ് ഓഫ് ഫ്രോബാറ്റ് വരെയുള്ള സംഗീതം അദ്ദേഹത്തിൻ്റെ മുഖമുദ്രയാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop