നിപ ബാധിച്ച് 14 വയസുകാരൻ മരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. 7 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവായി. 7 പേരും മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം ഉള്ളവരാണ്. 330 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിലെ 101 പേർ ഹൈ റിസ്ക് പട്ടികയിലുൾപ്പെടും. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേരും ആനക്കരയിൽ 10 പേരും പനിയേ തുടർന്ന് ചികിത്സയിലുണ്ട്. എന്നാൽ ഇവരാരും മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരല്ല.
മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീടിനടുത്തുള്ള മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യമുണ്ടന്നും വിവരമുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ അനിവാര്യമാണ്. മരിച്ച കുട്ടിയുടെ ഫോട്ടോ , വീഡിയോ , പേര് എന്നിവ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. നാളെ പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിനാൽ രോഗബാധയുള്ള പ്രദേശങ്ങളിൽ എൻ 95 മാസ്ക്ക് ധരിച്ച് വരണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ റൂട്ട് മാപ്പ് പ്രസിദ്ധികരിക്കും. വിപുലമായ റൂട്ട് മാപ്പാണ് പുറത്ത് വിടുക. വീടുകൾ കയറി ഉള്ള സർവ്വേ തുടരുകയാണെന്നും പനി ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായും , ആശുപത്രി മാനേജ്മെൻ്റുകളുമായും , ഐ എം എ നേതാക്കളുമായും ചർച്ച നടത്തിയതായും വീണാ ജോർജ് പറഞ്ഞു. പഴങ്ങളിൽ നിപ്പ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ള ഗവേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop