പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്.
കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. തുടർന്ന് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop