ഒന്‍പത് വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തില്‍ വിവാഹ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഇറാഖ്. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന ഭേദഗതികളും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ‘ അധാര്‍മിക ബന്ധങ്ങളില്‍ ‘ നിന്ന് സംരക്ഷിക്കുകയാണ് ഭേതഗതി വഴി ഷിയാ പാര്‍ട്ടികളുടെ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിയമത്തിലെ രണ്ടാമത്തെ ഭേദഗതി സെപ്റ്റംബര്‍ 16നാണ് പാസാക്കിയത്.
കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതവുമായി ബന്ധപ്പെട്ട അധികാരികളെയോ സിവില്‍ ജുഡിഷ്യറിയെയോ തെരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന ബില്ലും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട ഭേദഗതി ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളെ ‘സംരക്ഷിക്കാന്‍’ ലക്ഷ്യമിടുന്നുവെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. ഭേദഗതിക്കെതിരെ ഇറാഖി വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാര്‍ലമെന്ററി ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop