സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഉത്തർ പ്രദേശ് അതിർത്തിയിലാണ് ഇവരെ തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
”എന്തിനാണ് യുപി പോലീസ് ഇത്ര തിടുക്കം കാണിക്കുന്നത് ? നിങ്ങൾക്കെന്താണ് അവിടെ മറച്ചുപിടിക്കാനുള്ളത് ? സംഭലിലേക്ക് പുറപ്പെട്ട ഞങ്ങളെ കിലോമീറ്ററുകൾ ഇപ്പുറത്ത് വെച്ച് തന്നെ വൻ സന്നാഹത്തോടെയെത്തി തടഞ്ഞിരിക്കുകയാണ്. പൊലീസിനോട് സംഘർഷത്തിന് നിൽക്കാതെ തൽക്കാലം ഞങ്ങൾ മടങ്ങുകയാണ്. വൈകാതെ തന്നെ സംഘപരിവാർ പൊലീസ് ഭീകരത അരങ്ങേറിയ സംഭലിലേക്ക് വീണ്ടും പുറപ്പെടും”- ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് സംഭവം. സംഘർഷ മേഖലയാണെന്നും അവിടേക്ക് പോകാൻ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. എന്നാൽ, യാത്ര തുടരുകയാണെങ്കിൽ തടങ്കലിലിടുമെന്ന് പൊലീസ് പറഞ്ഞതായി എംപിമാർ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop