സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവ് നാളെ ഇറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വര്‍ധന ധരിപ്പിച്ചു. യൂണിറ്റിന് ശരാശരി 34 പൈസ എങ്കിലും കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നാളെ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ച. വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഇതിലടക്കം തീരുമാനം ചിലപ്പോള്‍ നാളെയുണ്ടാകും. പുതിയ നിരക്ക് വര്‍ധനവിന് മുഖ്യമന്ത്രി തത്വത്തില്‍ അനുമതി നല്‍കിയതായാണ് സൂചന.
വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല – അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിതസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഹൈഡ്രല്‍ പ്രൊജക്ടുകള്‍ വരണം.ഇത് തുടങ്ങിയാല്‍ ചെറിയ വിലക്ക് വൈദ്യുതി നല്‍കാം. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കണം – മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop