ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻ ഡിങ് ലിറൻ, ഗുകേഷിനോട് തോല്‍വി സമ്മതിച്ചത്. വിജയത്തോടെ, ഗുകേഷിന് ആറും ഡിങ് ലിറന് അഞ്ചു പോയിന്റുമാണ് ഉള്ളത്. പതിനാല് പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്പ്യൻഷിപ്പില്‍ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ഒന്നര പോയിന്റുകൂടി സ്വന്തമാക്കിയാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാം. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചറാണ് ഗുകേഷ്. മത്സരം ജയിച്ചാല്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കും.
© The News Journalist. All Rights Reserved, .
Design by The Design Shop