ബത്തേരി: ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകൻ്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെ എൽ പൗലോസ്, കെ കെ ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിജയൻ എഴുതിയ കത്തിൽ പരാമർശിച്ച നേതാക്കൾക്കെതിരെയാണ് കേസെടുക്കുക. ആത്മഹത്യാപ്രേരണ ആർക്കൊക്കെ എതിരെ എന്നതിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും.
കേസ് മാനന്തവാടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പോലീസ് അപേക്ഷ നൽകി. അതിനിടെ ബത്തേരി ബാങ്ക് നിയമന തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്പലവയൽ സ്വദേശി ഷാജിയുടെ പരാതിയിലാണ് കേസ്. ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി. 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൂന്ന് ലക്ഷം രൂപ നിയമനത്തിന് നൽകിയെന്നുമാണ് പരാതി.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വിജയന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കുടുംബം ഇന്നുമുതൽ വായ്പകളുടെ വിവരങ്ങൾ ശേഖരിക്കും. അതേസമയം ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. സാമ്പത്തിക ഇടപാട് ആരോപണം ഉയർന്ന ഐസി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് എൽഡിഎഫിൻ്റെ പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop