കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു.
അതേസമയം, റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി റോസിന്റെ പരാതി എന്ന ആരോപണം ഉയർത്താനാണ് പ്രതിഭാഗത്തിൻ്റെ ശ്രമം. അടുത്തദിവസം റിലീസ് ചെയ്യാനിരിക്കുന്ന സിനിമയിൽ സ്ത്രീയുടെ പ്രതികാരമാണ് പ്രമേയം. ഇതിനു മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് നിലവിൽ എന്നാവും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ ഈ വാദം തള്ളുകയാണ് പൊലീസ്.
അതിനിടെ, പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ് രംഗത്തെത്തി. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടിയുടെ അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ നടി പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop