ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ തുടക്കമാകും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ക്ഷണിച്ചു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്ന് പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണവും വാച്ച് ടവറുമടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 40 കോടി ഭക്തരാണ് ഇക്കുറി കുംഭമേളയ്ക്ക് എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മഹാകുംഭമേളയില്‍ എത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാനുള്ള നടപടികള്‍ ഉള്‍പ്പടെ യുപി സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ത്രിവേണി സംഗമ വേദിയില്‍ 40 മുതല്‍ 45 കോടി വരെ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഓരോ തീര്‍ത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop