രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിര്‍മ്മാണത്തോടെ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ മോഹന്‍ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. വളരെ സവിശേഷമായ സമയത്താണ് തങ്ങള്‍ക്ക് ഒരു പുതിയ ഓഫീസ് ലഭിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞത് പ്രതീകാത്മകമായി താന്‍ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രം ലഭിച്ചപ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ഭരണഘടനയെക്കുറിച്ചും താന്‍ എന്താണ് ചിന്തിക്കുന്നതെന്ന് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ രാജ്യത്തെ അറിയിക്കാനുള്ള ധൈര്യം മോഹന്‍ ഭാഗവതിനുണ്ട്. ഭരണഘടന അസാധുവാണെന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന രാജ്യദ്രോഹമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ചെയ്തത് എല്ലാം അസാധുവാണെന്ന് അദ്ദേഹം പറയുന്നു. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്‌തേനെ എന്നും രാഹുല്‍ പറഞ്ഞു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന പ്രസ്താവന ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണെന്നും ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop