മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനെ റിമാൻഡ് ചെയ്തു. മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വാഹിദിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇന്നലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ വാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം അവഹേളിച്ചതും വിവാഹ ബന്ധം വേർപിരിയാൻ ആവശ്യപ്പെട്ടതുമാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണം എന്നായിരുന്നു ഷഹാനയുടെ കുടുംബത്തിന്റെ പരാതി.
ഷഹാന ഭർത്താവിൽ നിന്ന് നേരിട്ട അവഹേളനം ഡയറിയിൽ കുറിച്ചിട്ടിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷഹാന നിറത്തിന്റെ പേരിൽ അപമാനം നേരിട്ടിരുന്നു. പിന്നീട് വാഹിദിനെ വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായിയെന്നും ഇത് മാനസികമായി ഷഹാനയെ തകർത്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാഹിദിനെതിരെ ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നി വകപ്പുകളാണ് ചുമതത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 14നായിരുന്നു കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 2024 മെയിലായിരുന്നു ഷഹാനയുടെയും അബ്ദുൾ വാഹിദിന്റെയും വിവാഹം. വിവാഹത്തിന് ശേഷം 20 ദിവസം ഷഹാനയ്ക്ക് ഒപ്പം ഒരുമിച്ച് താസിച്ച് മധുവിധു ഉൾപ്പടെ കഴിഞ്ഞ ശേഷമാണ് വാഹിദ് ഗൾഫിലേക്ക് മടങ്ങിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
© The News Journalist. All Rights Reserved, .
Design by The Design Shop