ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതിൽ രാജ്യത്തിൻ്റെ രോഷം അറിയിക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ ഇന്ത്യ സ്വന്തം വിമാനങ്ങൾ അയക്കുമോ, ഗാസ ഏറ്റെടുത്ത് ടൂറിസ്റ്റു കേന്ദ്രമാക്കും എന്ന ട്രംപിൻറെ വിചിത്ര വാദത്തിനെതിരെ പ്രതിഷേധം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു.
എച്ച് വൺ ബി വിസ, പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിൻമാറ്റം എന്നിവയിൽ മോദി എന്തു നിലപാട് എടുക്കുമെന്നറിയാൻ കാത്തിരിക്കുന്നു എന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. അമേരിക്കയിൽ മോദിയെ അനുഗമിക്കുന്ന സംഘത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ നേരത്തെ ഡോവലിന് അമേരിക്കൻ കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ തവണ നരേന്ദ്ര മോദി അമേരിക്കയിൽ എത്തിയപ്പോൾ ഡോവൽ സംഘത്തിൽ നിന്ന് മാറി നിന്നിരുന്നു.
രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാഷിംഗ്ടണിലെത്തിയിരിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
© The News Journalist. All Rights Reserved, .
Design by The Design Shop