പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥന (6)ക്കാണ് പരുക്കേറ്റത്. സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.
കനാലിൻ്റെ മറുവശത്തെ കൃഷിയിടത്തിൽ നിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവർക്ക് നേരെ തിരിയുകയായിരുന്നു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ പന്നി ആക്രമിക്കുകയും ആയിരുന്നു എന്ന് അമ്മ ബിൻസി പറഞ്ഞു.
പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു. മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിൽ യു കെ ജി വിദ്യാർഥിയാണ് പരുക്കേറ്റ പ്രാർത്ഥന.
© The News Journalist. All Rights Reserved, .
Design by The Design Shop