ദില്ലി: ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്.
കുംഭമേളയിൽ പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേരാണ് പ്ലാറ്റ്‍ഫോമിലെത്തിയത്. പ്ലാറ്റ്‍ഫോമിലെ തിരക്കിനിടെ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആദ്യമെത്തിയ ട്രെയിനിലേക്ക് ആളുകള്‍ കൂട്ടത്തോടെ കയറിയതും അപകടകാരണമായി. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop